നളചരിതം നാലാം ദിവസം
കലി ബാധ ഒഴിഞ്ഞ ബാഹുകനും ഋതുപര്‍ണ്ണനും വാര്ഷ്ണെയനും, കുണ്ഡിനത്തില്‍ എത്തുന്നു. ഒരു രണ്ടാം കല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും കാണാത്ത ഋതുപര്ണ്ണന് തനിക്ക് പറ്റിയ അമളി മനസ്സിലാക്കുന്നു. ഭീമരാജാവ് ഋതുപര്‍ണ്ണനെ സ്വീകരിച്ചിരുത്തുന്നു.
ഇത്രയും വേഗം ഋതുപര്ണ്ണന് കുണ്ഡിനത്തിലെത്തിയത് അറിയുന്ന ദമയന്തി സന്തോഷിക്കുന്നു. തോഴിയായ കേശിനിയോട് തേരിനടുത്ത് പോയി ബാഹുകനോട് കാര്യവിവരങ്ങള് അന്വേഷിച്ചറിയാനും മറഞ്ഞിരുന്ന് ബാഹുകന്റെ പ്രവൃത്തികളെ നിരീക്ഷിക്കാനും പറയുന്നു. അപ്രകാരം എല്ലാം ചെയ്ത കേശിനി, കണ്ട കാഴ്ചകള്‍ എല്ലാം ദമയന്തിയോട് വന്ന് പറയുന്നു.
ബാഹുകന് നളമഹാരാജാവ് തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി ദമയന്തി ബാഹുകനെ സ്വന്തം അന്തഃപുരത്തിലേക്ക് വിളിച്ച് വരുത്തുകയും അവര്‍ തമ്മില്‍ പുനഃസമാഗമം ഉണ്ടാവുകയും ചെയ്യുന്നു.
തുടര്‍ന്ന് നളന് പുഷ്കരനെ ചൂതില്‍ തോല്‍പ്പിച്ച് രാജ്യം വീണ്ടെടുക്കുന്നു. പുഷ്കരനെ വധിക്കരുത് എന്ന ബ്രഹ്മാജ്ഞയുമായി ഹംസം വീണ്ടും അവിടെ എത്തുന്നു. അത് പ്രകാരം പുഷ്കരന് വിമോചിതിനാവുന്നു.
നാരദമുനിയോടൊപ്പം ദമയന്തി നളന്റെ രാജധാനിയില്‍ എത്തുന്നു. സസുഖം വാഴുന്നു.
ഇതിലെ അവസാനത്തെ ശ്ലോകത്തില്‍ പറയുന്നപ്രകാരം ഭീമ മഹാരാജാവിന്റെ ഒരു പദം എങ്കിലും കാണേണ്ടതുണ്ട്. എന്നാല്‍ അത് ഒരു പാഠത്തിലും കണ്ടിട്ടില്ല എന്ന് പന്മന രാമചന്ദ്രന് “കൈരളീവ്യാഖ്യാന“ത്തില്‍ പറയുന്നു.