സന്താനഗോപാലം
മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോന് (1745-1809) എഴുതിയ രണ്ട് ആട്ടക്കഥകളില്‍ ഒന്ന് ആണ് സന്താനഗോപാലം ആട്ടക്കഥ. മറ്റേത് രുഗ്മാംഗദചരിതം ആട്ടക്കഥയും ആണ്.
മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്റെ രണ്ട് കഥയിലും കത്തി താടി മുതലായ വേഷങ്ങള്‍ ആദ്യവസാനങ്ങളായി ഇല്ലതന്നെ. ഇവയൊന്നും ഇല്ലാതെ തന്നെ പ്രമേയപരമായി ശക്തിയാര്‍ജ്ജിച്ചുവെങ്കില്‍ ആട്ടക്കഥ വിജയിക്കും എന്ന് കാട്ടിതന്ന ആളാണ് ഇട്ടിരാരിശ്ശമേനോന്‍. സന്താനഗോപാലത്തില്‍ ആദ്യവസാനവേഷമായി ഒരു മിനുക്ക് വേഷം ആണ് (ബ്രാഹ്മണന്). അര്ജ്ജുനന് ആദ്യവസാനം എങ്കിലും രണ്ടാം തരം ആണ്. കൃഷ്ണാകട്ടെ കുട്ടിവേഷവും. സാഹിത്യപരമായും വളരെ ഉന്നതി പുലര്‍ത്തുന്നു ഈ കഥ.
ഭാഗവതം കഥയെ ആസ്പദമാക്കി രചിച്ചതാണ് സന്താനഗോപാലം ആട്ടക്കഥ. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഇക്കഥ വഴിപാടായി കളിക്കാറുണ്ട്. ഉത്സവം തുടങ്ങുന്നതിന് പത്ത് മുതല്‍ ഇരുപത് ദിവസം വരെ ഈ വഴിപാട് കളികള്‍ തുടങ്ങും.
മൂലകഥയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍:
ഒന്‍പതാം ശിശുശവം കൊണ്ട് യാദവ സഭയിലേക്ക് ബ്രാഹ്മണന് വരുന്നു എന്നാണ് ആട്ടക്കഥയില്‍. ഭാഗവതത്തില്‍ ഓരോ ശിശുമരണം സംഭവിക്കുമ്പോഴും ബ്രാഹ്മണന് വന്ന് രാജാവിനെ ചീത്തപറയാറുണ്ട്. ഒന്‍പതാം ശിശുശവം കൊണ്ട് വരുന്ന സമയം അര്ജ്ജുനന് യാദവസഭയില്‍ യദൃശ്ചയാല്‍ വന്നതാണ്. പിന്നെ ബ്രാഹ്മണന് വാക്കുകൊടുത്തതുകൊണ്ട് അത് പരിപാലിക്കുന്നതുവരെ കൃഷ്ണന്റെ കൂടെ, ശിവനെ ആരാധിച്ച് വസിച്ചു എന്നാണ്.
ബ്രാഹ്മണന് ഓരോരുത്തരുടെ പേരിലും സത്യം ചെയ്ത് വാങ്ങുന്നതൊക്കെ ആട്ടപ്രകാരത്തിലെ ഇമ്പ്രൊവൈസേഷനുകള്‍ ആണ്.
പശ്ചാത്തലം:
രാജ്യത്ത് സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും ശിശുമരണങ്ങളും (പ്രത്യേകിച്ച് അച്ഛനും അമ്മയും കണ്ടു നില്‍ക്കേ ഉണ്ടാകുന്ന ശിശുമരണം) എല്ലാം രാജ്യം ഭരിക്കുന്ന രാജാവിന്റെ കൊള്ളരുതായ്മകള്‍ കൊണ്ടാണ് എന്നായിരുന്നു ദ്വാപരയുഗത്തിലെ വിശ്വാസം. അതുകൊണ്ടാണ് ബ്രാഹ്മണന് രാജസഭയില്‍ വന്ന് രാജാവിനെ ആക്ഷേപിക്കുന്നത്. കൃഷ്ണന്റെ വംശമാണ് യാദവവംശം. ബലരാമന്, കൃഷ്ണന് അവരുടെ മക്കള്‍ പ്രദ്യുമ്നന്, അനിരുദ്ധന് എന്നിവരൊക്കെ ദ്വാരകയിലെ രാജാക്കന്മാരോ രാജകുമാരന്മാരോ ആണ്.
കഥ നടക്കുന്നത് ഭാരതയുദ്ധവും കഴിഞ്ഞ് അശ്വഥാമാവ് തന്റെ പണ്ഡവരുടെ കുട്ടികളെ എല്ലാവരേയും നിഗ്രഹിച്ചതിനുശേഷം ആണ്. (കൃഷ്ണന്, ഉത്തരയുടെ വയറ്റിലെ കുഞ്ഞിനെ മാത്രം രക്ഷപ്പെടുത്തുന്നു) യുദ്ധം കഴിഞ്ഞ് അശ്വമേധസമയത്ത് ദുശ്ശളയെ അര്ജ്ജുനന് കണ്ടിരുന്നു. അവിടെ അര്ജ്ജുനന് വരുന്ന വിവരം കേട്ട് പേടിച്ച് സുരഥന് (ദുശ്ശളയുടെ മകന്) മരിക്കുന്നു.
ബ്രാഹ്മണന്റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാല്‍ ഈ കഥ വളരെ ഭക്തി പ്രധാനമാണ്. അര്‍ജ്ജുന-കൃഷ്ണന്മാര് തമ്മിലുള്ള ബന്ധം വെറും ആശ്രിതനും രക്ഷിതാവും തമ്മിലുള്ള ബന്ധമല്ല. അവര്‍ വലിയ സുഹൃത്തുക്കളാണ്. ബന്ധുക്കളാണ്. കൃഷ്ണന്റെ സഹോദരി സുഭദ്രയെ ആണ് അര്ജ്ജുനന് വിവാഹം ചെയ്തിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ സുഹൃദ്ബന്ധത്തില്‍ വിള്ളല്‍ വന്നാലുള്ള പ്രശ്നങ്ങള്‍ കൂടെ ഈ കഥയില്‍ ഒരു നേര്‍ത്ത രേഖയായി കിടക്കുന്നു. കൃഷ്ണന്റെ പേരില്‍ സത്യം ചെയ്ത് കൊടുത്തിട്ടും അര്ജ്ജുനന് പ്രശ്നം നേരിട്ടപ്പോള്‍ സ്വയം യമലോകത്തും ബ്രഹ്മലോകത്തും മറ്റും പോയി ബ്രാഹ്മണശിശുക്കളെ അന്വേഷിച്ചു. ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോള്‍ ഗാണ്ഡീവത്തോടേ ആത്മാഹുതിക്കൊരുങ്ങി. എന്നാലും കൃഷ്ണന്റെ അടുത്ത് ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചില്ല. അര്‍ജ്ജുനന്റെ ആത്മാഭിമാനമാണോ കാരണം? അല്ല. ഒന്‍പത് ശിശുക്കള്‍ മരിച്ചു. അവരെയൊന്നും കൃഷ്ണനോ ബലഭദ്രനോ മറ്റ് യാദവരാജാക്കര്‍ന്മാര്‍ക്കോ രക്ഷിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ പത്താമത്തെ ശിശുവിനെ എങ്ങനെ കൃഷ്ണന് രക്ഷിക്കാന്‍ സാധിക്കും എന്നരീതിയില്‍ ഒരു ചെറിയ അവിശ്വാസം-സുഹൃത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെടല്‍- ഉണ്ടായി എന്ന് തോന്നാം.
കഥാപാത്രങ്ങള്‍:
അര്ജ്ജുനന് - ആദ്യാവസാനം-പച്ച വേഷം
ശ്രീകൃഷ്ണന്-ഇടത്തരം-പച്ച കൃഷ്ണമുടി
ബ്രാഹ്മണന്-ആദ്യാവസാനം-മിനുക്ക്
ബ്രാഹ്മണ പത്നി-കുട്ടിത്തരം-സ്ത്രീ വേഷം, മിനുക്ക്
പേറ്റാട്ടി-കുട്ടിത്തരം-മിനുക്ക് പ്രതേകവേഷം
പത്ത് കുട്ടികള്‍-സാധാരണ പത്ത് വയസ്സിനുതാഴെയുള്ള കുട്ടികള്‍
കഥാസംഗ്രഹം:
ദുഷ്ടന്മാരെ നിഗ്രഹിച്ച് ശിഷ്ടന്മാരെ പരിപാലിച്ച് ദേവകീനന്ദനനായ ശ്രീകൃഷ്ണന് ലോകനാഥനായി ദ്വാരകയില്‍ വസിക്കുന്ന കാലം. അദ്ദേഹത്തെ സന്ദര്‍ശിക്കാനായി സുഹൃത്തും സഹോദരീഭര്‍ത്താവുമായ അര്ജ്ജുനന് ഒരു ദിവസം വരുന്നു. ദ്വാരകയില്‍ എത്തിയ അര്‍ജ്ജുനനെ സ്വീകരിച്ചിരുത്തിയ ശേഷം ശ്രീകൃഷ്ണന് കുശലാന്വേഷണം നടത്തുന്നു.
അപ്രകാരം തന്റെ സുഖവിവരങ്ങള്‍ തിരക്കുന്ന ശ്രീകൃഷ്ണനോട്, അര്ജ്ജുനന് ഭഗവദ്ദാസരായ തങ്ങളെ പോലുള്ളവര്‍ക്ക് അസുഖങ്ങളും സങ്കടങ്ങളും എങ്ങനെ വരുവാനാണ് എന്ന് തിരിച്ച് ചോദിക്കുന്നു. മാത്രമല്ല തന്റെ സഹോദരന്മാരും പത്നിയുമെല്ലാം സസുഖം വാഴുന്നു. താങ്കളുടെ പാദാരവിന്ദങ്ങളാണ് ഞങ്ങളുടെ ആശ്രയം എന്ന് പറഞ്ഞ് ശ്രീകൃഷ്ണനെ വന്ദിക്കുന്നു.
കുരുവംശത്തിന്റെ മകുടമണിയായ ഹേ അര്‍ജ്ജുനാ, ഇളകുന്നതാമരയിതളില്‍ തെന്നിക്കളിക്കുന്ന ജലബിന്ദുപോലെ ക്ഷണികമായ ഈ ജീവിതത്തില്‍ സൗഹൃദം പോലെ സുഖം തരുന്ന ഒന്നില്ല. അതിനാല്‍ താങ്കള്‍ എന്നോടൊപ്പം അല്‍പ്പകാലം വസിച്ചാലും. എന്ന് മറുപടി പദത്തില്‍ ശ്രീകൃഷ്ണന് ആവശ്യപ്പെടുന്നു. ഒന്നാം രംഗം ഇവിടെ ചെറിയൊരു മനോധര്‍മ്മരൂപത്തിലുള്ള ആട്ടത്തോടെ സമാപിക്കുന്നു.
അടുത്തരംഗത്തില്‍ നാം കാണുന്നത്, തോഴനായ അര്‍ജ്ജുനനോടൊപ്പം ശ്രീകൃഷ്ണനും മറ്റ് യാദവശ്രേഷ്ഠരും ഇരിക്കുന്ന യാദവ സഭയാണ്. ആ സഭയിലേക്ക് ഒരു ബ്രാഹ്ംണന്‍ ഒരു ശിശുശവവും കൊണ്ട് വരുന്നു. മുന്‍കാലങ്ങളില്‍ അങ്ങനെ എട്ട് ഉണ്ണികള്‍ മരിച്ചുവെന്നും ഇത് ഒന്‍പതാം ശിശുശവവും കൊണ്ടാണ് ബ്രാഹ്മണന് വരുന്നത് എന്നും കവിവാക്യമായ ശ്ലോകത്തില്‍ പറയുന്നു.
കുട്ടികളില്ലാത്ത എനിക്ക് ലോകാന്തരങ്ങളിലും സുഖമില്ല. എനിക്ക് ആരാണ് ശരണം? ദൈവമേ! ബ്രാഹ്മണര്‍ക്ക് നിരക്കാത്ത ഒരു കര്‍മ്മവും ഞാന്‍ ചെയ്തിട്ടില്ല. എന്നിട്ടും ഇതുപോലെ എട്ട് ബാലന്മാരെ എനിക്ക് നഷ്ടപ്പെട്ടു. ഇത് ഒന്‍പതാമത്തെ ആണ്. പതിനാറായരത്തെട്ട് ഭാര്യമാരോടുകൂടെ സുഖത്തോടേയും അവരുടെ സുഖം അറിഞ്ഞും നടത്തികൊടുത്തും വിലസുന്ന ശ്രീകൃഷ്ണന് ബ്രാഹ്മണരെ രക്ഷിക്കാന്‍ എവിടെ സമയം?
എന്നിത്യാദി പറഞ്ഞ് യാദവ സഭയില്‍ വന്ന് ശ്രീകൃഷ്ണനേ ഭര്‍സിക്കുന്ന ബ്രാഹ്മണനെ ആണ് നാം രണ്ടാം രംഗത്തില്‍ ആദ്യം കാണുന്നത്.
ബലരാമന്, ശ്രീകൃഷ്ണന്, പ്രദ്യുമ്നന് തുടങ്ങിയ ഒരു യാദവശ്രേഷ്ഠന്മാരും ബ്രാഹ്മണ വിലാപം കേട്ട് ഒരു കൂസലുമില്ലാതെ ഇരിക്കുന്നതുകണ്ട് ബ്രാഹ്മണദുഃഖം മനസ്സിലാക്കി അത് ദൂരീകരിക്കാനായി അര്ജ്ജുനന് ബ്രാഹ്മണനോട് ഇപ്രകാരം പറഞ്ഞു എന്നതാണ് ശ്ലോകാര്‍ത്ഥം.
കരയുരുത് ദുഃഖിക്കരുത് അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി പുത്രനുണ്ടാകുമെങ്കില്‍ അവനെ ഞാന്‍ രക്ഷിച്ച് തരാം. ബ്രാഹ്മണരുടെ ദുഃഖം തീര്‍ക്കുക എന്നത് ക്ഷത്രിയ ധര്‍മ്മം ആണ്. കഴിഞ്ഞതെല്ലാം ക്ഷമിക്കുക. ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിക്കുന്ന കാര്യം ഈ അര്ജ്ജുനന് ഏറ്റു.
ശ്രീകൃഷ്ണന് തുടങ്ങിയവര്‍ എന്റെ ദുഃഖം കേട്ടിട്ട് ഒരു തരിക്കും ഇളകാതെ ഇരിക്കുന്നത് കണ്ടില്ലേ? എന്നിട്ട് നീ പുത്രരക്ഷക്ക് ചാടി പുറപ്പെട്ടത് നിന്റെ അവിവേകം ആണ് അര്‍ജ്ജുനാ എന്ന് ബ്രാഹ്മണന് അര്‍ജ്ജുനനെ നിരുത്സാഹപ്പെടുത്തുന്നു.
ഹേ ബ്രാഹ്മണ ശ്രേഷ്ഠാ, ദുഃഖഭാരം കൊണ്ട് അങ്ങ് പറയുന്ന ഈ വാക്കുകള്‍ കേട്ട് എനിക്ക് അപ്രിയമില്ല. ഒരു സംശയവും അങ്ങേക്ക് വേണ്ട. ഇനിയുണ്ടാകുന്ന പുത്രനെ പരിപാലിച്ച് തന്നില്ല എങ്കില്‍ ഞാന്‍ ഇന്ദ്രപുത്രനല്ല എന്ന് അര്ജ്ജുനന് തിരിച്ച് ബ്രാഹ്മണനോട് പറയുന്നു.
ഭക്തവത്സലന് എന്ന് പേരുകേട്ട് ശ്രീകൃഷ്ണഭഗവാനും അതിശക്തിമാന്മാരായ ബലഭദ്രാദികളും എനിക്ക് ജനിക്കുന്ന കുട്ടികളെ രക്ഷിക്കാനാവാതെ, ഒരിളക്കവും ഇല്ലാതെ ഇരിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഒരു പുത്രന്റെ മുഖം കാണാനുള്ള യോഗം ഇല്ല എന്ന് പറഞ്ഞ് ബ്രാഹ്മണന് വീണ്ടും വിലപിക്കുന്നു.
ഈ സമയം അര്ജ്ജുനന് പറയുന്നു:
ഹേ സല്‍ഗുണശീലനായ ബ്രാഹ്മണ! എന്റെ വാക്കുകള്‍ കേട്ടാലും. സ്വര്ഗ്ഗവാസികള്ക്ക് കൂടെ സുഖത്തെ പ്രദാനം ചെയ്യുന്ന അര്ജ്ജുനന് എന്ന എന്നെ കേട്ടിട്ടെങ്കിലും താങ്കള്‍ അറിയില്ലേ? ഞാന്‍ കൃഷ്ണനല്ല, ബലഭദ്രനല്ല, യാദവ മുഖനും അല്ല. ഞാന്‍ ജിഷ്ണു ആണ്, ഞാന്‍ ദിവ്യാസ്ത്രങ്ങള് ലഭിച്ചവന് ആണ്, ഇന്ദ്ര പുത്രനാണ് ഭ്രാജിഷ്ണുവും സുനയനനും സദയനും ആണ്.
യമനെകൂടെ ജയിക്കാന്‍ കഴിവുള്ള ഇന്ദ്രനന്ദനനായ എന്റെ ശരകൂടത്തിന്റെ സംരക്ഷണയില്‍, താങ്കളുടെ ജനിക്കാന്‍ പോകുന്ന പുത്രന് യമഭയം ഉണ്ടാകില്ല, യമന്‍ ശരകൂടത്തിനരികത്ത് വരാനുള്ള ധൈര്യവുമുണ്ടാകില്ല.
ഇനി താങ്കളുടെ പ്രിയതമ പ്രസവിക്കുന്നതിനുമുന്‍പായി ഇവിടെ വന്ന് എന്നെ അറിയിക്കുക. അത്ഭുതങ്ങളായ ശരങ്ങള്‍ കൊണ്ട് തീര്‍ത്ത സൂതിഗൃഹത്തില്‍ പിറക്കുന്ന താങ്കളുടെ പുത്രനെ യമന്‍ കൊണ്ടുപോകില്ല.
എന്ന് മാത്രമല്ല, അങ്ങനെ ഇനി താങ്കള്‍ക്ക് ജനിക്കാന്‍ പോകുന്ന പുത്രനെ രക്ഷിച്ച് തന്നില്ല എങ്കില്‍ ഞാന്‍, ഈ അര്ജ്ജുനന്, തീകുണ്ഡത്തില്‍ ചാടി ആത്മാഹുതി നടത്തും. ഇത് സത്യം എന്ന് പറഞ്ഞ് അര്ജ്ജുനന് ബ്രാഹ്മണന് സത്യം ചെയ്ത് കൊടുക്കുന്നു.
തുടര്‍ന്ന് രസകരങ്ങളായ ആട്ടങ്ങളാണ്. ബ്രാഹ്മണന് വിശ്വാസം വരുന്നില്ല. ശ്രീകൃഷ്ണന് ഇളകാതെ ഇരിക്കുമ്പോള്‍ അര്ജ്ജുനന് എന്തിന് ചാടിപ്പുറപ്പെടണം? ആത്മാഹുതി ചെയ്യാം എന്ന് സത്യം ചെയ്തതോടെ ബ്രാഹ്മണന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നു. പണ്ട് അഗ്നിഭഗവാന് തന്നെ ഗാണ്ഡീവത്തോടെ ആത്മാഹുതി ചെയ്യും എന്ന് അര്ജ്ജുനന് വീണ്ടും പറയുന്നു. തുടര്‍ന്ന് ഇന്ദ്രനെ പിടിച്ചും അവസാനം ശ്രീകൃഷ്ണനെ പിടിച്ചും അര്‍ജ്ജുനനെ കൊണ്ട് സത്യം ചെയ്ത് വാങ്ങിക്കുന്നു ബ്രാഹ്മണന്.
ഇങ്ങനെ തനിക്ക് വേണ്ട വിധത്തിലെല്ലാം അര്‍ജ്ജുനന്റെ കയ്യില്‍ നിന്നും സത്യം വാങ്ങിയ ബ്രാഹ്മണന് തിരിച്ച് വീട്ടിലെത്തുന്നു. തന്റെ പത്നിയോട് ഉണ്ടായ സംഭവങ്ങളെല്ലാം പറയുന്നു.
അല്ലയോ കോമളസരോജമുഖീ, എന്റെ വാക്കുകള്‍ കേട്ടാലും. ഇനി നീ കരയരുത്. നമ്മുടെ ദുഃഖങ്ങള്‍ക്ക് ശമനം ഉണ്ടാകാന്‍ പോകുന്നു. നമ്മുടെ ഇഷ്ടങ്ങള്‍ നടക്കാന്‍ പോകുന്നു. പുത്രശവവും കൊണ്ട് ഞാന്‍ യാദവസഭയില്‍ എത്തി. അവിടെ ചെന്ന് കരയുന്നസമയത്ത് ഒരു സംഭവന്‍ നടന്നു. അത് എന്താണേങ്കില്‍ ലോകനാഥനായ ശ്രീകൃഷ്ണന്റെ സഹോദരീഭര്‍ത്താവായ അര്ജ്ജുനന് നമുക്ക് ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിച്ച് തരാം എന്ന് അവിടെ വെച്ച് സത്യം ചെയ്തു.
ബ്രാഹ്മണന്റെ സന്തോഷദായകമായ വാര്‍ത്ത ശ്രവിച്ച് സാധ്വിയായ ബ്രാഹ്മണപത്നി വളരെ പക്വതയോടെ മറുപടി പറയുന്നു:
വന്നുഭവിച്ചതെല്ലാം സുഖദുഃഖങ്ങള്‍ എന്ന ഭേദം കൂടാതെ അനുഭവിച്ച് തീര്‍ക്കുക എന്നതല്ലാതെ എത്ര കേമന്മാര്ക്കും വിധിയുടെ ഗതിയെ തടുക്കാന്‍ സാധിക്കില്ല. നമ്മുടെ അഞ്ചോ ആറോ കുട്ടികളല്ല അതിലധികം കുട്ടികള്‍ പഞ്ചാഗ്നിമദ്ധ്യത്തിലെ പുല്ലെന്നപോലെ മരിച്ചു പോയി. ഈ വിധിയെ തടുക്കാന്‍ പറ്റുമോ? ബലഭദ്രാദികള്‍ക്ക് കൂസാതെ ഇരിക്കുമ്പോള്‍ അര്‍ജ്ജുനന്റെ മോഹം അത്യല്ഭുതം തന്നെ!
ഇതിനുമറുപടിയായി ബ്രാഹ്ംണന്‍ പറയുന്നു:
നമ്മുടെ ദുഃഖം തീര്‍ത്ത് തന്നില്ല എങ്കില്‍ അഗ്നികുണ്ഡത്തില്‍ ചാടി ആത്മാഹുതി ചെയ്യും എന്ന് പ്രതിഞ്ജചെയ്ത അര്‍ജ്ജുനനെ, ശ്രീകൃഷ്ണന് ഉപേക്ഷിക്കുമോ? തന്റെ സഹോദരിയായ സുഭദ്രക്ക് വൈധവ്യദുഃഖം വരുത്താന്‍ ശ്രീകൃഷ്ണന് സമ്മതിക്കല്ല. നീലാരവിന്ദനേത്രനും പാലാഴിയില്‍ ശയിക്കുന്നവനുമായ ശ്രീകൃഷ്ണനെ മനസാ ഭജിച്ച് അര്ജുനന് പരിപാലിക്കാന്‍ പോകുന്ന പുത്രനെ കാത്ത് തരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഇങ്ങനെ പ്രാര്‍ത്ഥനയും മറ്റുമായി ആ ബ്രാഹ്മണ കുടുംബം സമയം കഴിച്ചു. സമയം പോലെ ബ്രാഹ്മണപത്നി വീണ്ടും ഗര്‍ഭവതിയായി. പ്രസവകാലം അടുത്തപ്പോള്‍ ബ്രാഹ്മണപത്നി തന്റെ ഭര്‍ത്താവിനോട് ഇപ്രകാരം പറഞ്ഞു.
അല്ലയോ ജീവിത നായക! ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. എന്റെ ഗര്‍ഭം പൂര്‍ണമായി. പ്രസവം മൂന്നുനാളിനപ്പുറം ആസന്നമാണ്. അര്‍ജ്ജുനനെ പോയി വിളിച്ചുകൊണ്ടുവരിക. എനിക്ക് തീരെ വയ്യാതെ ആയിരിക്കുന്നു. വയറ്റില്‍ ശിശു അനങ്ങുന്നു. നടക്കാന്‍ കൂടെ വയ്യ.
ഇതുകേട്ട ബ്രാഹ്ംണന്‍ പറയുന്നു. അല്ലയോ സദ്ഗുണശീലങ്ങളുള്ളവളെ, നീ ഒട്ടും പരിഭ്രമിക്കണ്ട. ഞാന്‍ ഇപ്പോള്‍ തന്നെ പോയി അര്‍ജ്ജുനനെ വിളിച്ച് കൊണ്ടുവരുന്നുണ്ട്.
ഇതും പറഞ്ഞ് ബ്രാഹ്മണന് യാദവസഭയില്‍ തിരിച്ചെത്തുന്നു. അര്‍ജ്ജുനനെ സമീപിച്ച് ഇപ്രകാരം പറയുന്നു.
അല്ലയോ ധീരനും വീരനുമൊക്കെ ആയ അര്‍ജ്ജുനനാ, ഒട്ടും താമസമില്ലാതെ എന്റെ കൂടെ ഗൃഹത്തിലേക്ക് വരുക. നമ്മള് ഇവിടെ വെച്ച് മുന്‍പ് കണ്ടിട്ടുണ്ട്. നീ മറന്നിട്ടൊന്നും ഇല്യാലോ അല്ലേ? അല്ലയോ ധന്യശീല, എന്റെ പത്നി വീണ്ടും ഗര്‍ഭവതി ആണ്. മാത്രമല്ല പ്രസവകാലവും ആസന്നമായി. അതിനാല്‍ അത്ഭുതവിക്രമനായ അങ്ങ ഒട്ടും മടിക്കാതെ അമാന്തിക്കാതെ, ശ്രീകൃഷ്ണനേയും സ്വന്തം പിതാവായ ഇന്ദ്രനേയും ധ്യാനിച്ച് ഗാണ്ഡീവവും എടുത്ത് എന്റെ ഒപ്പം വരുക. എനിക്കിവിടെ നില്ക്കാന് ക്ഷമയില്ലാതായിരിക്കുന്നു.
ഇതുകേട്ട അര്ജ്ജുനന് മറുപടി പറയുന്നു:
അല്ലയോ ബ്രാഹ്മണേന്ദ്ര, ഇതാ ഞാന്‍ ഒപ്പം വരുന്നു. അങ്ങയുടെ പ്രിയപത്നി പ്രസവിക്കുന്ന പുത്രനെ ഞാന്‍ കത്തുതരാം. ഗാണ്ഡീവം എന്ന എന്റെ വിഖ്യാതമായ വില്ല് ഇതാ എന്റെ കയ്യില്‍ കാണുന്നില്ലേ? യമധര്മ്മന് കൂടെ എന്റെ ഇഷ്ടത്തിന് എതിരുനില്‍ക്കില്ല. അതിനാല്‍ വ്യാകുലപ്പെടാതെ നമുക്ക് പോകാം.
തുടര്‍ന്ന് അര്‍ജ്ജുനനും ബ്രാഹ്മണനും ബ്രാഹ്മണഗൃഹത്തിലെത്തുന്നു. അര്ജ്ജുനന് സൂതികാഗൃഹമായി ശരകൂടം നിര്‍മ്മിക്കുന്നു. ബ്രാഹ്മണന് വന്ന് അതെല്ലാം പരിശോധിക്കുന്നു. തൃപ്തിവരുത്തി ബ്രാഹ്മണപത്നിയേയും പേറ്റാട്ടിയേയും സൂതികാഗൃഹത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അങ്ങനെ തിരശ്ശീലക്ക് പിന്നില്‍ നില്ക്കുന്ന ബ്രാഹ്മണപത്നി പ്രസവിക്കുന്നു. കുട്ടിയെ തന്നെ കാണാതെ ആവുന്നു. തുടര്‍ന്നുള്ള ബ്രാഹ്മണപത്നിയുടെ വിലാപം:
കരുണാവാരിധിയാ കൃഷ്ണാ! നീ അര്‍ജ്ജുനനെ ചതിച്ചുവോ? ഒരിടത്തും ശരണം ലഭിക്കാത്ത ഞങ്ങള്‍ മൂലം നിന്റെ സഹോദരിക്ക് വൈധവ്യ ദുഃഖം വരണമെന്നാണോ നിന്റെ ഇഷ്ടം? അതികാന്തിമാനായി ജനിച്ച് പുത്രന് പ്രസവിച്ച് ഭൂമിയില്‍ പതിക്കുന്നതിനുമുന്നേ ശവം കൂടെ കാണാതായി! അര്‍ജ്ജുനന്റെ യത്നം ഫലിച്ചില്ല. തലയിലെഴുത്തിനെ ആര്‍ക്ക് മാറ്റാന്‍ പറ്റും? എന്റെ സഖിമാരെ, ഈ വൃത്താന്തം സൂതികാഗൃഹത്തിന്റെ വാതില്ക്കല് നില്ക്കുന്ന എന്റെ ഭര്‍ത്താവിനോടും അര്‍ജ്ജുനനോടും ഈ ചരിതങ്ങള്‍ എല്ലാം ചെന്ന് പറയുക.
ഈറ്റില്ലത്തിന്റെ ഉള്ളില്‍ നിന്ന് കേട്ട ബ്രാഹ്മണപത്നിയുടെ ഇത്തരം വിലാപം കേട്ട് ബ്രാഹ്മണന് ബോധം കെട്ട് വീഴുന്നു. പിന്നെ ബോധം വന്ന ബ്രാഹ്മണന് പൂര്‍വാധികം കോപത്തോടെ അര്‍ജ്ജുനനെ ഭര്‍സിക്കുന്നു.
പൊട്ട! നിന്റെ വലിയ പ്രൗഢിയുള്ള കഴിവ് എവിടെ? വലിയ കേമമായ ഈ ശരകൂടം കൊണ്ട് എന്തുണ്ടായി? മുന്‍പേ ഞാന്‍ പറഞ്ഞതാണ് ഇതിനൊന്നും ചാടി പുറപ്പടണ്ട എന്ന്. അപ്പോള്‍ കേട്ടില്ല. അവിവേകവും അഹങ്കാരവും കൊണ്ട് അതൊന്നും കൂട്ടാക്കാതെ ചാടിപ്പുറപ്പെട്ടു. അതുകൊണ്ട് ഇപ്പോള്‍ പ്രസവിച്ച് ബാലന്റെ ശവം കൂടെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. മൂഢ! ഇനി ഞാന്‍ അച്യുതസന്നിദ്ധിയില്‍ പോയി എങ്ങനെ കരയും? അത് അയുക്തമല്ലേ? നീ എന്താ ഇവ്ടെ വയറ്റത്ത് കയ്യും കെട്ടി കേമനായി നില്‍ക്കുന്നത്? വേഗം പോയി ശ്രീകൃഷ്ണന്റെ അടുത്ത് ചെന്ന് ധാരാളം ഭക്ഷിച്ച് സുഖിച്ച് വാഴുക.
ബ്രാഹ്മണന്റെ ഇത്തരത്തിലുള്ള ശകാരം കേട്ട് അര്ജ്ജുനന് ധര്‍മ്മലോകത്ത് ചെന്ന് ബാലനെ അന്വേഷിച്ചു
അല്ലയോ ധര്‍മ്മരാജാവേ! എന്നോട് ഇത് വേണ്ടായിരിന്നു. കുട്ടിയെ തിരികെ തന്നുകൊള്‍ക
അപ്പോള്‍ ധര്‍മ്മരാജാവ് പറഞ്ഞു: ഞാന്‍ എന്താണ് അര്‍ജ്ജുനാ നിനക്ക് അഹിതമായി ചെയ്തത്?
മഹിഷവാഹ ബ്രാഹ്മണപുത്രനെ തന്നീടുകില്ലെങ്കില്‍ ഞാന്‍ യമലോകം ചാമ്പലാക്കും
നീ പരുഷവചനങ്ങള്‍ പറയാതെ കാര്യം പറയൂ. കൃഷ്ണസഖാവിന് എന്താണ് അസാദ്ധ്യമായത്? ഏത് ബ്രാഹ്ംണപുത്രനെ ആണ് നിനക്ക് വേണ്ടത്? ഏതു ദേശത്തിലേ ആണ് ബ്രാഹ്മണപുത്രന്?
ദ്വാരകയില്‍ ഒന്‍പത് മക്കള്‍ ജനിപ്പോഴേ നീ കൊണ്ടുവന്നു. ഇപ്പോ പത്താമനെ എന്റെ ശരകൂടത്തില്‍ നിന്നും നീ കൊണ്ടുപോയി. അവനെ എനിക്ക് തരൂ.
ദ്വാരകയില്‍ വന്ന് ഞാന്‍ എന്റെ ജോലി ഇഷ്ടം പോലെ ചെയ്യാന്‍ എനിക്കെന്നല്ല ആര്‍ക്കും സാധിക്കില്ല. സംശയം തീര്‍ക്കാന്‍ ചിത്രഗുപ്തനോട് കൂടെ ചോദിച്ചുനോക്കൂ. എന്നോട് പരിഭവം വേണ്ട. താങ്കളുടെ സുഹ്രൃത്തായ ശ്രീകൃഷ്ണന് വിചാരിച്ചാല്‍ പത്ത് മക്കളേയും കിട്ടും.
ഇതുകേട്ട അര്ജ്ജുനന് ബ്രാഹ്മണപുത്രന്മാര്‍ യമലോകത്ത് ഇല്ല എന്ന് തീരുമാനിച്ച് നാകലോകത്തേക്ക് പോയി. ഇന്ദ്രനോട് പുത്രന്മാരെ ചോദിച്ചു. ഇന്ദ്രനും അവിടെ ഇല്ല എന്ന് ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല ശ്രീകൃഷ്ണനോട് അന്വേഷിക്കാന്‍ ഇന്ദ്രനും പറയുന്നു.
ഇന്ദ്രവചനം കേട്ട് മടങ്ങിയ അര്ജ്ജുനന് വീണ്ടും മറ്റ് ലോകങ്ങളിലൊക്കെ പോയി ബ്രാഹ്മണപുത്രരെ തിരയുന്നു. ഒരു സ്ഥലത്തും കണ്ടുകിട്ടാതെ, അര്ജ്ജുനന് അവസാനം തീക്കുണ്ഡത്തില്‍ ചാടി ആത്മാഹുതി നടത്തുവാന്‍ തന്നെ തീര്‍ച്ചയാക്കുന്നു.
അര്‍ജ്ജുനന്റെ ആത്മഗതം: എന്തൊരു വിസ്മയം ! വിധി ചെയ്തതുതന്നെ! കാലനും കൂടെ കുട്ടികള്‍ മരിക്കുന്നു! എന്റെ കാലദോഷം തന്നെ. ഇനി എനിക്ക് അഗ്നികുണ്ഡത്തില്‍ ചാടി ആത്മാഹുതി ചെയ്യുക എന്നതല്ലാതെ കരണീയം ആയി ഒന്നുമില്ല! ഹേ നന്ദസൂനോ! എന്നെ രക്ഷിക്കൂ!
ഇങ്ങനെ ആത്മഗതത്തോടേ അര്ജ്ജുനന് തീക്കുണ്ഡം ഉണ്ടാക്കി ജ്വലിപ്പിക്കുന്നു. ഗാണ്ഡീവവും ധരിച്ച് തീക്കുണ്ഡത്തിലേക്ക് ചാടാന്‍ തുടങ്ങുന്ന അര്‍ജ്ജുനനെ ശ്രീകൃഷ്ണന് പ്രത്യക്ഷപ്പെട്ട് തന്റെ തൃക്കൈകൊണ്ട് തടയുന്നു. എന്നിട്ട് ഇപ്രകാരം പറയുന്നു:
സുഹൃത്തേ വിജയ, എന്തിനാണ് നീ സാഹസം ചെയ്യുന്നത്? മുന്‍പ് നിന്നെ സഹായിച്ചതോക്കെ നീ മറന്നുവോ? എല്ലാറ്റിനും നമുക്ക് വഴിയുണ്ടാക്കാം.
ഇങ്ങനെ സമാധാനിപ്പിച്ച് ശ്രീകൃഷ്ണന് തന്റെ തേരില്‍ അര്‍ജ്ജുനനുമായി വിഷ്ണുലോകത്തിലേക്ക് പുറപ്പെടുന്നു. പോകുന്നവഴിയിലെ ഘോരാന്ധകാരം കണ്ട് അര്‍ജ്ജുനനെ ഭയം ഗ്രസിക്കുന്നു. (ഭൂമിക്കുവെളിയില്‍ ബഹുദൂരം അകലെ ആണ് പാലാഴി. അവിടെ അനന്തശയനത്തിലാണ് മഹാവിഷ്ണു ഇരിക്കുന്നത്. അവിടെ പോകുന്നവഴിയുള്ള ഇരുട്ട് ഒരു പ്രത്യേകതയുള്ളതാണ്. സത്യലോകം എന്നാണ് മഹാവിഷ്ണുവിന്റെ ലോകത്തെ പറയുന്നത്. ഒരു മനുഷ്യന് സ്വയം അവിടെ പോകാന്‍ സാധ്യമല്ല. പുരാണങ്ങളിലെ കണ്‍സപ്റ്റുകള്‍ അനവധി! ലോകാലോകപര്‍വ്വതത്തിന് പടിഞ്ഞാറുവശം ആണത്രെ ഇത്) എന്താണ് നീ പേടിച്ചിരിക്കുന്നത് അര്‍ജ്ജുനാ എന്ന് ശ്രീകൃഷ്ണന് ചോദിക്കുന്നു. അന്ധകാരം കൊണ്ട് എനിക്ക് ശ്രീകൃഷ്ണാ നിന്റെ ദേഹം കൂടെ കാണാന്‍ വയ്യാതായി എന്ന് വിലപിക്കുന്ന അര്‍ജ്ജുനനോട് ഭയപ്പെടേണ്ട ഞാന്‍ എന്റെ ചക്രായുധത്തെ സ്മരിക്കുന്നുണ്ട്. അത് വന്നാല്‍ വെളിച്ചം വരും. നിന്റെ ഭയവും പോകും എന്ന് പറയുന്നു ശ്രീകൃഷ്ണന്. തുടര്‍ന്ന് ചക്രായുധം വരുന്നു. അര്ജ്ജുനന് ഭയം വെടിഞ്ഞ് കൃഷ്ണാര്ജ്ജുനന്മാര് യാത്ര തുടരുന്നു.
അങ്ങനെ മഹാവിഷ്ണുസവിധത്തില്‍ എത്തിയ അര്ജ്ജുനന് കൃഷ്ണന് മഹാവിഷ്ണുവിന്റെ മന്ദിരം വിസ്തരിച്ച് കാണിച്ച് കൊടുക്കുന്നു. ശേഷം മഹാവിഷ്ണുസമീപം ചെന്ന് വന്ദിക്കുന്നു.
മഹാവിഷ്ണുവാകട്ടെ നരനാരായണന്മാരായ കൃഷ്ണാര്ജ്ജുനന്മാരെ സസന്തോഷം സ്വീകരിച്ച് കുശലാന്വേഷണം നടത്തുന്നു. തുടര്‍ന്ന് നരനാരായണന്മാരായ നിങ്ങളെ രണ്ട് പേരേയും ഒന്നിച്ച് എന്റെ അടുത്ത് കാണുവാന്‍ ഞാന്‍ തന്നെ ബ്രാഹ്മണപുത്രന്മാരെ ഇങ്ങോട്ട് കൊണ്ടുവന്നതാണ് എന്ന് മഹാവിഷ്ണു വെളിപ്പെടുത്തുന്നു. പിന്നീട് അവിടെ കളിച്ച് നടക്കുന്ന ബ്രാഹ്മണബാലന്മാരെ കൊണ്ട് പോയി ബ്രാഹ്മണന് കൊടുക്കുവാന്‍ അനുവാദം കൊടുക്കുന്നു. കുട്ടികള്‍ കൃഷ്ണാര്‍ജ്ജുനന്മാരുടെ കൂടെ ഭൂമിയിലേക്ക് പോകാന്‍ കൂട്ടാക്കുന്നില്ല എങ്കിലും വിഷ്ണുഭഗവാന് ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാം മംഗളമായി ഭവിക്കുന്നു.
തുടര്‍ന്ന് കാണുന്ന രംഗം ബ്രാഹ്മണന്റെ ഗൃഹം ആണ്. അവിടെ ചിന്താകുലയായിരിക്കുന്ന ബ്രാഹ്ംണനും പത്നിയും. അരികിലൂടെ കൃഷ്ണനും അര്‍ജ്ജുനനും പത്ത് ബാലന്മാരും പ്രവേശിക്കുന്നു. അര്ജ്ജുനന് ബ്രാഹ്മണനോട് പറയുന്നു:
നമസ്തേ ഭൂസുരമൗലേ! എന്റെ അപരാധങ്ങള്‍ എല്ലാം ക്ഷമിച്ചാലും. മഹാവിഷ്ണുവിന്റെ കൃപയാല്‍ താങ്കളുടെ എല്ലാ പുത്രന്മാരേയും ലഭിച്ചു. പുത്രശോകം കൊണ്ട് നീ എന്നെ ശകാരിച്ചപ്പോള്‍ ഞാന്‍ മൂന്നുലോകങ്ങളിലും ബ്രാഹ്മണകുമാരന്മാര്‍ക്കായി തെരഞ്ഞു. പക്ഷെ എങ്ങുനിന്നും കിട്ടിയില്ല. ശേഷം സത്യം പരിപാലിക്കാനായി ഞാന്‍ അഗ്നികുണ്ഡത്തില്‍ ചാടാന്‍ ഒരുങ്ങിയപ്പോള്‍ കപടമാനുഷനായ ഈ ശ്രീകൃഷ്ണന് കൃപയോടെ എന്റെ അരികില്‍ വരികയും എന്നേയും കൊണ്ട് വിഷ്ണുലോകം പ്രാപിക്കുകയും ചെയ്തു. പരമപൂരുഷനായ മഹാവിഷ്ണുവിന്റെ അരികില്‍ അനന്തനുമുകളില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുമാരന്മാരെ എനിക്ക് കാണിച്ച് തന്നു. മഹാവിഷ്ണുവിന്റെ അനുമതിപ്രകാരം അവരേയും കൊണ്ട് ഞങ്ങള്‍ നേരെ ഇവിടേക്ക് പോന്നു. ഇതാ താങ്കളുടെ പത്ത് പുത്രന്മാരും. സ്വപത്നിയോടുകൂടി ഇവരെ സ്വീകരിച്ചാലും.
ആനന്ദാതിരേകത്തോടേ ബ്രാഹ്മണനും പത്നിയും പത്ത് പുത്രന്മേരേയും സ്വീകരിക്കുന്നു. ശേഷം പശ്ചാത്താപ വിവശനായ ബ്രാഹ്മണന്റെ പദം:
കൃഷ്ണ! നീ ജയിക്ക! അര്‍ജ്ജുന! നീയും ജയിക്ക!. കനത്ത ശോകഭാരം കൊണ്ട് ഞാന്‍ നിന്നെ ധാരാളം അധിക്ഷേപിച്ചു. അതൊന്നും മനസ്സില്‍ വെക്കരുതേ. എല്ലാം ക്ഷമിക്കേണമേ. നിന്നെ മനസ്സില്‍ വിചാരിക്കുന്നവര്‍ക്ക് കൂടെ എല്ലാ മംഗളവും വന്ന് ഭവിക്കും എന്ന് പറഞ്ഞ് അനുഗ്രഹിക്കുന്നു